തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; വീഴ്ചകള്‍ കണ്ടതോടെ ആശുപത്രി സൂപ്രണ്ട് തത്ക്ഷണം തെറിച്ചു

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തില്‍ കണ്ടത് ഗുരുതരമായ കെടുകാര്യസ്ഥത. മന്ത്രി തന്നെ നേരിട്ട് വീഴ്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ട് അജയ മോഹനെ തത്ക്ഷണം ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി അപ്രതീക്ഷിതമായി ആശുപത്രി സന്ദര്‍ശിച്ചത്.

മന്ത്രി എത്തുമ്പോള്‍ രോഗികള്‍ നിരയായി നില്‍ക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. റജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആവശ്യമായ മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് രോഗികള്‍ മന്ത്രിയെ അറിയിച്ചു.

പിന്നാലെ, ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കുകയായിരുന്നു. ബ്ലഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവ ശരിയായി പ്രവര്‍ത്തിക്കാത്തതില്‍ മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാര്‍ കുറവാണെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്താണെന്നും മന്ത്രി ആരാഞ്ഞു. ആശുപത്രിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *