മഹതി, വിധവ, വാക്കുകൾ അണ്പാര്ലമെന്ററിയില്ല; കെ.കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്

തിരുവനന്തപുരം: എം.എല്‍.എ കെ.കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്. മഹതി, വിധവ എന്നീ വാക്കുകള്‍ അണ്പാര്ലമെന്ററിയില്ല. മണി അണ്‍പാര്‍ലമെന്ററി ആയി ഒന്നും പറഞ്ഞിട്ടില്ലെന്നും വി.എന്‍ വാസവന് പറഞ്ഞു. എം.എം മണിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാടന്‍ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. തെറിയോ ചീത്തയോ അല്ലയത്. മണി ചിലപ്പോള്‍ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാല്‍ ഈ നിയമസഭ സമ്മേളനത്തില്‍ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും വി.എന്‍ വാസവന് വ്യക്തമാക്കി.
വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ”ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല” -എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
അണ്‍പാര്‍ലമെന്ററി വാക്കുകള്‍ മാത്രമേ മാറ്റാന്‍ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്കി. ഇതോടെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാര്‍ട്ടി കോടതി വിധിയുടെ ഭാഗമായിട്ടാണ് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. പാര്‍ട്ടി കോടതി ജഡ്ജ് ആരായിരുന്നുവെന്ന് തന്നെ കൊണ്ട് പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു