മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ നിരന്തരം വിമര്‍ശനവും അധിക്ഷേപവും നടത്തുന്ന ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാര്‍

കൊല്ലം : എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ നിരന്തരം വിമര്‍ശനവും അധിക്ഷേപവും നടത്തുന്ന ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാര്‍. കേരളത്തില്‍ സുരക്ഷിതമായി ഏതൊരാള്‍ക്കും നടക്കാന്‍ കഴിയുമെന്നാണ് മിഠായിത്തെരുവിലൂടെയുളള യാത്രയിലൂടെ ഗവര്‍ണര്‍ തെളിയിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. സര്‍വകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണര്‍ക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു.

ഗവര്‍ണറുടേത് നീചമായ രാഷ്ട്രീയമെന്ന് മന്ത്രി വി എന്‍ വാസവനും പ്രതികരിച്ചു. കേരളമായതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്നത്. ഗവര്‍ണര്‍ ഇപ്പോള്‍ പെരുമാറുന്നത് സ്ട്രീറ്റ് ഫൈറ്ററെ പോലെയാണ്. അദ്ദേഹം ഭരണഘടന പഠിക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല എസ് എഫ് ഐ പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി എം ബി രാജേഷ് പരിഹസിച്ചു. പഠിപ്പും വിവരവുമുള്ളവരെ ക്രിമിനലെന്നും റാസ്‌കലെന്നും വിളിക്കുന്നു. എന്നെ അറസ്റ്റ് ചെയ്യുവെന്ന് പറയുന്ന ജഗതിയുടെ കഥാപാത്രമാണ് ഗവര്‍ണര്‍. പഴയ കുട്ടന്‍ പിള്ള പൊലീസിനെ പോലെയാണ് റാസ്‌കല്‍ വിളിയെന്നും രാജേഷ് പരിഹസിച്ചു.

മിഠായി തെരുവിലുണ്ടായത് ബി ജെ പിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവര്‍ണര്‍ ഇറങ്ങി നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഹലുവ നല്‍കിയ കൈ കൊണ്ട് ജനങ്ങള്‍ എതിരെ വോട്ട് ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത്

എസ്എഫ്‌ഐ പ്രതിഷേധത്തിനും അസാധാരണ നടപടികള്‍ക്കും പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി.ഇന്നലെ രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇറങ്ങി. ജനറല്‍ ആശുപത്രിക്ക് സമീപവും എകെജി സെന്ററിന് മുന്നിലും എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചാക്ക ഐടിഐ, പള്ളിമുക്ക്, പാളയം, മാനവീയം വീഥി എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി. രാത്രിയോടെ സംഘടിച്ച വിദ്യാര്‍ത്ഥികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം, തനിക്കെതിരായ പ്രതിഷേധങ്ങളില്‍ ഗവര്‍ണര്‍, ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍ രാഷ്ട്രപതിക്കും കേന്ദ്രത്തിനും റിപ്പോര്‍ട്ട് നല്‍കും. സംഘര്‍ഷങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം കൂടി പരിശോധിച്ചാകും തീരുമാനം. തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറി ഇത് വരെ ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കിയിട്ടില്ല. ഗവര്‍ണര്‍ക്ക് എതിരായ രാഷ്ട്രീയ പോരാട്ടം ശക്തമാക്കാന്‍ ആണ് സിപിഎം നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *