തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍. മന്ത്രിമാരായ ശിവന്‍കുട്ടിയും ജി.ആര്.അനിലുമാണ് പ്രതിസന്ധിയുടെ ചിത്രം തുറന്നുകാട്ടിയത്. സപ്ലൈകോയ്ക്കു നല്‍കാനുള്ള 1,524 കോടി രൂപയില്‍ ഒരു ഭാഗം ഉടന്‍ നല്‍കിയില്ലെങ്കില്‍ പൊതുവിതരണം സ്തംഭിക്കുമെന്നാണ് അനില്‍ പറഞ്ഞത്.
സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നതിനാല് അനിലിന്റെ ആവശ്യം ന്യായമാണെന്നും കുടിശിക തുകയില്‍ ഒരു ഭാഗം നല്‍കണമെന്നും ധനമന്ത്രി ബാലഗോപാലിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അനിലിനെ പിന്തുണച്ച ശിവന് കുട്ടി സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പണത്തിനായാണ് വാദിച്ചത്.
ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളതെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ പണം നല്കാത്തതിനാല് രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് ഇന്ധനവും അടുക്കളയില്‍ അവശ്യ സാധനങ്ങളും മുടങ്ങിയിരുന്നു. ചീഫ് സെക്രട്ടറി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.