ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുളള തയ്യാറെടുപ്പുമായി വനം വകുപ്പ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുളള നടപടികളുമായി മുന്നോട്ട് പോവുകയാണ് വനംവകുപ്പ്. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ ഇന്ന് ഇടുക്കിയിലെത്തും. ഹർജി പരിഗണിക്കുന്ന 29-ാം തീയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടിയുണ്ടാകൂ.
ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് ഇന്ന് തുടങ്ങും. അതേസമയം കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. കേസിൽ കക്ഷി ചേരാനാണ് ഇരു പഞ്ചായത്തുകളുടേയും നീക്കം.