തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടാകുന്ന ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. സിപിഐ മന്ത്രിമാര്‍ നല്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിക്കുന്നില്ല. ഭക്ഷ്യ മന്ത്രി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ധന വകുപ്പ് പണം നല്‍കുന്നില്ല. ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത രണ്ട് കര്‍ഷകരുടെയും കുടുംബങ്ങളെ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നും എം.എം.ഹസന് പറഞ്ഞു.
ആലപ്പുഴയില്‍ കര്ഷകന് ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ തെറ്റ് അംഗീകരിക്കുന്നില്ല. സര്‍ക്കാര്‍ പണം തിരിച്ചടക്കാത്തത് കൊണ്ടാണ് കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നത്. ധനപ്രതിസന്ധിക്ക് പരിഹാരം കാണാതെ നവകേരള സദസും കേരളീയവും നടത്തി ധൂര്‍ത്ത് തുടരുകയാണ് സര്‍ക്കാരെന്ന് യുഡിഎഫ് കണ്‍വീനര്‍ ആരോപിക്കുന്നു. .
സര്‍ക്കാരിന്റെ നവകേരള സദസിനെതിരെ ഡിസംബര്‍ രണ്ടു മുതല്‍ യുഡിഎഫ് നടത്താനിരിക്കുന്ന വിചാരണ സദസില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യും. കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍, പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവരും വിചാരണ സദസില്‍ അനുഭവം പങ്കുവയ്ക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മ്മടത്ത് നടക്കും.