പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ സന്യാസിമാര്‍ക്ക് മോദിയൊരുക്കിയത് വമ്പന്‍ സൗകര്യങ്ങള്‍

സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിയതിനൊപ്പം തമിഴ്നാട്ടിലെ 19 അധീനത്തില്‍ നിന്നെത്തിയ സന്യാസികളും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. സന്യാസിമാര്‍ക്ക് കേന്ദ്രം നല്‍കിയ പ്രത്യേക പരിഗണനകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

മഠാധിപര്‍മാരെയും ഓഡുവര്‍മാരെയും (തമിഴ് ഗായകര്‍) പ്രത്യേക വിമാനത്തിലായിരുന്നു ഡല്‍ഹിയിലെത്തിച്ചത്. ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിനുപുറമേ വരും ദിവസങ്ങളില്‍ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

കൂടാതെ തമിഴ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേരെ മഠാധിപരുടെയും സഹായികളുടെയും കാര്യങ്ങള്‍ നോക്കാന്‍ സാംസ്‌കാരിക വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. സന്യാസിമാരെ എത്തിച്ച വിമാനത്തിലും ഇവര്‍ താമസിച്ച മുന്‍നിര ഹോട്ടലിലും സാത്വിക ഭക്ഷണമായിരുന്നു വിളമ്പിയത്.

ഉള്ളി, വെളുത്തുള്ളി, ചില മസാലകള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയ ഭക്ഷണം കൃത്യമായ സമയങ്ങളില്‍ ഇവര്‍ക്ക് വിളമ്പി. ഓരോ മഠങ്ങളില്‍ നിന്നെത്തിയവരെ പ്രത്യേകം കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഭക്ഷണം തയ്യാറാക്കാന്‍ പ്രത്യേക പാചകക്കാരനെയും ചുമതലപ്പെടുത്തിയിരുന്നു.
സന്യാസിമാര്‍ മൂന്നുദിവസമായിരുന്നു ഡല്‍ഹിയില്‍ തങ്ങിയത്. ഇവരെ രാജ്യതലസ്ഥാനത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു.

19 മഠാധിപരില്‍ നിന്ന് ആറുപേരാണ് ഇന്നലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറിയത്. 400 വര്‍ഷത്തെ ചരിത്രമുള്ള, ഇന്ത്യയില്‍ വേരുകളുള്ള 19 മഠത്തില്‍ ഉള്‍പ്പെടുന്ന ആറുമഠാധിപരാണ് ഇവര്‍. ഗണപതി ഹോമം നടത്തി തമിഴ് കീര്‍ത്തനങ്ങള്‍ ചൊല്ലിയായിരുന്നു ചെങ്കോല്‍ കൈമാറ്റ ചടങ്ങ് നടന്നത്.

പിന്നാക്ക, മുന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള മഠങ്ങളുടെ പ്രതിനിധികളെ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു.നിരവധി മഠങ്ങള്‍ പിന്തുണ ലഭിക്കാതെ അപ്രത്യക്ഷമായി. ഇക്കാരണത്താലാണ് പ്രധാനമന്ത്രി മോദി തങ്ങളെ വിളിക്കുകയും ആദരിക്കുകയും ചെയ്തതെന്ന് ദര്‍മപുരം മഠത്തിന്റെ വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ എം കാര്‍ത്തികേയന്‍ പറഞ്ഞു.

പുരാതനമായതും പ്രശസ്തവുമായ മഠങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവയ്ക്കും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്രം തെളിയിക്കുകയാണ് ചെയ്തതെന്ന് മറ്റൊരു മഠത്തിന്റെ പ്രതിനിധി വ്യക്തമാക്കി.ഓരോ മഠം പ്രതിനിധികള്‍ക്കും പ്രത്യേകം കാറുകളും വലിയ മുറികളും നല്‍കുക മാത്രമല്ല മഠാപധിമാര്‍ക്ക് ഏഴ് സഹായികളെവരെ എത്തിക്കാനുള്ള അനുമതിയും നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947ല്‍ ഒരു മഠം മാത്രമാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന് ചെങ്കോല്‍ കൈമാറിയതെങ്കില്‍ ഇന്ന് ആറുപേര്‍ക്ക് അതിനുള്ള അവസരം ലഭിച്ചു. ശൈവ പാരമ്പര്യങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണിതെന്ന് വേലാക്കുറിച്ചി മഠത്തിന്റെ മേധാവി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *