തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് താമരമൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന് ദേവസ്വം ബോർഡ് അധികൃതർ ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും സമ്മാനിച്ചു.
കേരളീയ വേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ നരേന്ദ്രമോദിയെ തന്ത്രി ചേനാസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡന്റ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു.തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി അൽപം സമയം വിശ്രമിച്ചതിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കുകയായിരുന്നു.കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്.
നരേന്ദ്രമോദി എത്തുന്നതിന്റെ ഭാഗമായി ഗുരുവായൂരിൽ കനത്ത സുരക്ഷാ സജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തൃപ്രയാർ ക്ഷേത്രത്തിലും അദ്ദേഹം ഇന്ന് ദർശനം നടത്തും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാകും ന്യൂഡൽഹിയിലേക്ക് മടങ്ങുക.അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുഖ്യകാർമികത്വം വഹിച്ച നരേന്ദ്രമോദി തന്നെയാണ് മാല എടുത്ത് നൽകിയത്. ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി ഖുശ്‌ബു, ബിജു മേനോൻ ഉൾപ്പെടെയുള്ള വൻ താര നിരകളും പങ്കെടുത്തു. ചടങ്ങിനെത്തിയ എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു.