പിണറായിയെ നിയന്ത്രിക്കുന്നത് മോദി! കേരളത്തിൽ നടക്കുന്നത് ബിജെപി ഭരണം

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയന്ത്രണത്തിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ ബിജെപി നടപ്പിലാക്കുന്ന അതേ നയങ്ങളാണ് കേരളത്തിൽ എൽഡിഎഫ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പത്തനംതിട്ടയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ എതിർക്കുന്നവർ വേട്ടയാടപ്പെടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കുന്നില്ല. എനിക്കെതിരെ 36 കേസുകളുണ്ട്, 55 മണിക്കൂർ ചോദ്യം ചെയ്തു. എന്നാൽ മുഖ്യമന്ത്രിയെ ബിജെപി തൊടുന്നില്ല. എൽഡിഎഫ് നേതൃത്വം ബിജെപിക്ക് കീഴടങ്ങിയതിന്റെ തെളിവാണിതെന്ന് രാഹുൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് മോദി മിണ്ടുന്നില്ല. വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോൾ ശബരിമലയെ മറന്നു.
സി.പി.എമ്മിനെ സംരക്ഷിക്കാനാണ് മോദി ഈ കൊള്ള മറച്ചുവെക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതിന് പിന്നിലുള്ളവരെ ശിക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരളത്തിന്റെ ഭാവിയെ ചില വൻകിട കമ്പനികൾ നിയന്ത്രിക്കുകയാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരുപോലെ അദാനിക്ക് കീഴടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഭരണത്തിന് ഇപ്പോൾ ഇടതുപക്ഷ സ്വഭാവമില്ലെന്നും അത് ബിജെപി ഭരണത്തിന് സമാനമാണെന്നും രാഹുൽ വിമർശിച്ചു.
കേരളത്തിലെ ജനങ്ങൾ ഒത്തൊരുമയോടെ ദുരന്തങ്ങളെ അതിജീവിച്ചവരാണെന്ന് രാഹുൽ അനുസ്മരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന പ്രധാന വാഗ്ദാനങ്ങളും അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധിയിലായ റബ്ബർ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകും. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്. മാസം 30,000 രൂപ ക്ഷേമ പെൻഷൻ ഉറപ്പാക്കും. കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാരുടെ പക്ഷത്തുനിൽക്കുന്ന ഭരണമായിരിക്കും യുഡിഎഫിന്റേതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.