ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. രാവിലെ 7 മണിക്കാണ് പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. പഹൽഗാമിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നു. വിമാനത്താവളത്തിലെ സാങ്കേതിക മേഖലയിലെ ലോഞ്ചിലാണ് യോഗം നടന്നത്. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ യോഗം പ്രധാനമന്ത്രി വിളിക്കാനും സാധ്യതയുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങി.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചു. യുഎസ്എ, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവ ഭീകരാക്രമണത്തെ അപലപിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ-സൗദി ഉച്ചകോടി ആരംഭിച്ചത്. സൗദി കിരീടാവകാശി അനുശോചനം രേഖപ്പെടുത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 27 പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ആക്രമണത്തിൽ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലാണ്. എറണാകുളത്തെ ഇടപ്പള്ളി സ്വദേശിയായ മലയാളി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൃതദേഹം സംസ്ഥാനത്തെത്തിക്കാൻ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാളിയും യുഎഇ പൗരനായ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് കൊണ്ടുവന്നു. ശ്രീനഗറിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ രണ്ട് ദിവസമെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.