കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അദ്ദേഹത്തെ കുറിച്ചല്ലെന്ന് മോദി മനസ്സിലാക്കണം: രാഹുല്‍

താന്‍ അധിക്ഷേപിക്കപ്പെട്ടു എന്നതുമാത്രം പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് കര്‍ണാടകയുടെ വികസനത്തെക്കുറിച്ച് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി നടപ്പാക്കിയതും ഇനി ചെയ്യുന്നതുമായ വികസനമാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. എന്നാല്‍ മോദി, തന്നെ കോണ്‍ഗ്രസ് 91 തവണ വ്യക്തിപരമായി അപമാനിച്ചെന്നാണ് പറയുന്നത്. ജനങ്ങളെക്കുറിച്ച് എവിടെയും പറയുന്നില്ല. തിരഞ്ഞെടുപ്പ് തന്നെക്കുറിച്ചല്ലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും രാഹുല്‍ പരിഹസിച്ചു.

കര്‍ണാടകയില്‍ തുമകുരു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ”ഞാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെക്കുറിച്ചും ഇവിടെയുള്ള നേതാക്കളുടെ പേരെടുത്തു പറഞ്ഞുമാണ് പ്രസംഗിക്കാറുള്ളത്. എന്നാല്‍ പ്രധാനമന്ത്രി അവരുടെ ബിജെപി മുഖ്യമന്ത്രിയുടെ പേര് പോലും പറയില്ല. അദ്ദേഹം തന്നെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റും.

ബിജെപി കമ്മിഷന്‍ പറ്റിയാണ് ഒരോന്നും ചെയ്യുന്നത്. ജനങ്ങളെ അവര്‍ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് ജനം മറുപടി നല്‍കണം” രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ വിഷപ്പാമ്പ് പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് 91 തവണ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പറഞ്ഞ് ജനക്കൂട്ടത്തിന് മുന്നില്‍ മോദി വികാരാധീനനായി,.

 

Leave a Reply

Your email address will not be published. Required fields are marked *