മങ്കിപോക്‌സ് രോഗത്തിന്റെ പേര് മാറ്റി

മങ്കിപോക്സ് എന്ന രോഗത്തെ എംപോക്സ് എന്നു വിളിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി പല ഭാഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെയാണ് രോഗത്തിന്‍റെ പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ചർച്ചകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയ പേര് ലോകാരോഗ്യ സംഘടന പരിചയപ്പെടുത്തിയത്.
മങ്കിപോക്സ് എന്ന പേര് കറുത്ത വർഗക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ഒരു കാരണം. മറ്റൊന്ന് കുരങ്ങുകൾ മാത്രമാണ് ഈ രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതായിരുന്നു. കുരങ്ങുകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം പലയിടത്തും ഉണ്ടായിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.