മാസപ്പടി വിവാദം; മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയും മകളും അടക്കം 12 പേര്‍ക്കെതിരെ നോട്ടീസ് അയക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്.
കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പണം വാങ്ങിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക നീക്കം. കേസില്‍ സ്വമേധയാ കോടതി കക്ഷി ചേര്‍ന്നു.ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും എതിര്‍കക്ഷികകളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളമശേരി സ്വദേശിയായ ഗിരീഷ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി നല്‍കിയത്. എന്നാലിത് തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടര്‍ന്ന് കേസ് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുന്നതിനായി കോടതി അമികസ്‌ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാമെന്ന് അമികസ്‌ക്യൂരി അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര്‍ എല്‍) കമ്പനിയില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ വീണയ്ക്ക് ലഭിച്ചതെന്നാണ് കണ്ടെത്തല്‍.