പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബിക്കെതിരെയാണ് പാലക്കാട് നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാന പരാതികള്‍ നല്‍കിയിരിക്കുന്നത്. കസബ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകന്‍ എബിക്കെതിരെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. ശിശു സംരക്ഷണ സമിതി സ്‌കൂള്‍ കേന്ദ്രീകരിച്ചു നടത്താറുള്ള സ്‌പെഷല്‍ കൗണ്‍സലിങിനിടെയാണു പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. നഗരത്തിലെ സ്‌കൂളില്‍ ഒരു വര്‍ഷത്തോളം താല്‍ക്കാലിക തസ്തികയില്‍ കായികാധ്യാപകനായിരുന്നു ഇയാള്‍. കുട്ടികളെ ഗ്രൗണ്ടിലേക്ക് അയക്കുമ്പോള്‍ മോശമായി പെരുമാറിയെന്നും സ്പര്‍ശിച്ചെന്നുമാണ് കുട്ടി നല്‍കിയിട്ടുള്ള മൊഴി.

സംഭവത്തില്‍ ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് കേസെടുത്തു പ്രതിയെ നാലു ദിവസങ്ങള്‍ക്കു മുന്‍പ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു വിദ്യാര്‍ത്ഥികളും സമാനമായ പരാതികള്‍ അധ്യാപകനെതിരെ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ എബിക്കെതിരെ കസബ പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എബി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുക്ഷേമ സമിതി കൗണ്‍സിലിങ് നല്‍കും.