പഠനഭാരം കുറയ്ക്കാന്‍ നീക്കം: പത്താം ക്ലാസ് സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നു. പത്താം ക്ലാസില്‍ സിലബസ് അതിരുകടക്കുന്നതായി കുട്ടികള്‍ വ്യാപകമായി പരാതി ഉയര്‍ത്തിയ സാഹചര്യത്തില്‍, അടുത്ത അധ്യയനവര്‍ഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് വിഷയത്തിലെ സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും, കുട്ടികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പഠനവും കുട്ടികളുടെ മാനസിക ആരോഗ്യവും തമ്മില്‍ സമതുലിതാവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് കുട്ടി സൗഹൃദപരമായ പരിഷ്‌കാരങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.