പ്രസംഗിക്കാൻ ക്ഷണിച്ചത് വൈകി; കുറ്റ്യാടിയിലെ വേദിയിൽ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി

കോഴിക്കോട്: പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി കുറ്റ്യാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. വി ഡി സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി.

എന്നാൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽ നിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.

തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നതെന്ന് ഷാഫി ചോദിച്ചു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടാകുകയായിരുന്നു. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു. പിന്നീട് സതീശന്റെ പ്രസംഗത്തിനുശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു.

താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂവെന്നാണ് ഷാഫി പറഞ്ഞത്. അതേസമയം, വേദിയിൽ യാതൊരു പരിഭവം പറച്ചിലും ഉണ്ടായിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചത്. സ്വീകരണ സമ്മേളനം വൈകിയപ്പോൾ ഇനി തന്നെ വിളിക്കേണ്ടെന്ന് ഷാഫി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു.