15 വര്‍ഷം മുന്‍പുള്ള സംഭവമെന്ന വാദം നിലനില്‍ക്കില്ല
തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന് മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുകേഷിനു ജാമ്യം അനുവദിച്ചത്. നടന് ഇടവേള ബാബുവിനും അന്നേ ദിവസം ജാമ്യം അനുവദിച്ചിരുന്നു. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവെന്നും, 15 വര്‍ഷം മുന്‍പുള്ള സംഭവമാണെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതിയെ അന്വേഷണ സംഘം അറിയിക്കും. ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണു കോടതി മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ ഹാജരാവണം, ഈ ദിവസങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകാവുന്നതാണ്, കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോവരുത് തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള വാദത്തില്‍ അതിജീവിത മുകേഷിന് അയച്ച ഇമെയിലും സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത് 15 വര്‍ഷം മുന്‍പാണ്. അതിനു ശേഷം അയച്ച സന്ദേശങ്ങളാണ് ഹാജരാക്കിയത്. പരാതിക്കാരിക്കു പ്രതിയോട് അങ്ങേയറ്റം ബഹുമാനവും സൗഹൃദവുമുണ്ടെന്നതിനു തെളിവാണ് ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.