ഹൈബി ഈഡന്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ല; മുനമ്പം സമര സമിതി

വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരെ മുനമ്പം സമര സമിതി. മുനമ്പത്തിന് വേണ്ടി ആരും ശബ്ദമുയര്‍ത്തുന്നില്ലായെന്ന് കണ്‍വീനര്‍ ജോസഫ് ബെന്നി പറഞ്ഞു.
പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു എം പി പോലും മുനമ്പം വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ സിനിമ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ ഉത്സാഹത്തോടെ സംസാരിക്കുന്നു. പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടു പോലും ഹൈബി ഈഡന്‍ ഉള്‍പ്പടെയുള്ളവര്‍ മുനമ്പത്തെ പരിഗണിക്കുന്നില്ല.
മുനമ്പത്തെ 610 കുടുംബങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുള്ള ദിവസമാണിന്ന്. ഈ ബില്‍ നിയമമാകുന്നതോടുകൂടി മുനമ്പം തീരത്തെ ജനങ്ങളുടെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടും. പ്രധാനമന്ത്രിയും നിര്‍മലസീതാരാമനും അമിത്ഷാ അടക്കമുള്ളവരും ശക്തമായി ഞങ്ങള്‍ക്ക് വേണ്ടിയാണ് ഇടപെടുന്നത്. ഇതൊക്കെ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ജോസഫ് ബെന്നി കൂട്ടിച്ചേര്‍ത്തു.
അതേസമയം, റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരം 172-ാം ദിവസം പിന്നിട്ടു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുനമ്പത്തെ ജനങ്ങള്‍. ജെപിസി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ഏറെ നിര്‍ണായകമായ ബില്‍ ലോക്‌സഭയിലെത്തുക. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ബില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ സംസാരിക്കും. എന്‍ഡിഎ സഖ്യകക്ഷി ടിഡിപി മുന്നോട്ടുവച്ച മൂന്നു നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. ഇതോടെ TDP യുടെ പിന്തുണ കൂടി ലഭിക്കും.വഖഫ് നിയമ ഭേദഗതി ബില്ലിന് ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.