പെരുമാതുറയില്‍ മന്ത്രിമാരെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ഷോകാണിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്ഥിരം അപകടമേഖലയായ ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്തതിനേത്തുടര്‍ന്ന്, സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരെ തടഞ്ഞ് നാട്ടുകാര്‍. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവര്‍ക്കുനേരേയായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഇതിനിടെ, ഷോ കാണിക്കരുതെന്നു മന്ത്രി ആന്റണി രാജു പറഞ്ഞതിനെച്ചൊല്ലി വാക്കേറ്റം രൂക്ഷമായി. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നു മന്ത്രി പിന്നീട് വിശദീകരിച്ചു.
ഇന്നലെ രാവിലെ മത്സ്യബന്ധനത്തിനുപോയ സംഘത്തിലുണ്ടായിരുന്ന പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണു വള്ളം മറിഞ്ഞ് മരിച്ചത്. കാണാതായ മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനം െവെകുന്നുവെന്നാരോപിച്ചാണു സ്ഥലത്തെത്തിയ മന്ത്രിമാരെ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചത്. മത്സ്യത്തൊഴിലാളികളുടെ പരാതി കേട്ട മന്ത്രിമാര്‍, അവരുടെ ആവശ്യപ്രകാരം തെരച്ചിലിനു സ്‌കൂബാ െഡെവേഴ്‌സിന്റെ സേവനം ലഭ്യമാക്കി.
തുടര്‍ന്ന്, കുഞ്ഞുമോന്റെ വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചശേഷം മടങ്ങാന്‍ ഒരുങ്ങുമ്പോഴാണു തിരുവനന്തപുരം അതിരൂപത ബിഷപ് തോമസ് നെറ്റോയും വികാരി ജനറാള്‍ മോണ്‍.യുജീന്‍ പെരേരയും സ്ഥലത്തെത്തിയത്. എത്തിയയുടന്‍ ഫാ. യുജീന്‍ പെരേര തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്‌തെന്നു മന്ത്രി ശിവന്‍കുട്ടി പിന്നീട് ആരോപിച്ചു. നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ബര്‍ നിര്‍മാണം അശാസ്ത്രീയമെന്നാരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വര്‍ഷങ്ങളായി ഇവിടെ അപകടം പതിവായിട്ടും എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവര്‍ത്തനസംവിധാനങ്ങള്‍ ഒരുക്കാത്തതെന്നു നാട്ടുകാര്‍ ചോദിച്ചു.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണു സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലത്തെത്തിയതെന്നും ആരോപിച്ചു. കാണാതായവരുടെ മൃതദേഹമെങ്കിലും കൊണ്ടുതരാന്‍ കഴിയുമോയെന്നു സ്ത്രീകളടക്കം ചോദിച്ചതാണു വാക്കേറ്റമായി മാറിയത്. ഇതിനിടെയാണു ഷോ കാണിക്കരുതെന്നു മന്ത്രി ആന്റണി രാജു പറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായി. വി. ജോയി എം.എല്‍.എ, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
മന്ത്രിമാരെ തടഞ്ഞതിന് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.