തിരുവനന്തപുരം∙ എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇ.ഡിയും സിബിഐയും അന്വേഷണത്തിനു വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോൺഗ്രസ് കയ്യടിച്ച് പ്രോത്സാഹപ്പിക്കുകയാണെന്നും സിപിഎം മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ക്ക് രൂപം നൽകുന്നതിലും അതിനൊരു മതനിരപേക്ഷ ഉള്ളടക്കം നൽകുന്നതിലും സിപിഎമ്മും ഇടതുപക്ഷവും നിർണായക പങ്കാണ് വഹിക്കുന്നത്. അയോധ്യ വിഷയത്തിലടക്കം അതു പ്രതിഫലിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ ഭാഗമാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങെന്ന് ആദ്യം വിലയിരുത്തിയത് സിപിഎമ്മാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടാണെങ്കിലും അതേ സമീപനം സ്വീകരിക്കാൻ കോൺഗ്രസും നിർബന്ധിതമായി. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെ അന്വേഷണ ഏജൻസികളെ അഴിച്ചുവിടാൻ മോദി തയാറായിട്ടുള്ളതെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ദേശീയ ഏജൻസികൾ അന്വേഷണ പ്രഹസനം നടത്തുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. സിപിഎമ്മിനു ഭരണമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും എതിരെയാണ് ഇ.ഡിയും കേന്ദ്ര കമ്പനി വകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനി വകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി. രാജീവിനെതിരെയുള്ള ഇ.ഡി നീക്കവും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.