പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പ്രായപരിധിയില്‍ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായക തീരുമാനം ഉണ്ടാകും: എംവി ഗോവിന്ദന്‍

പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ണായക തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പ്രായപരിധിയില്‍ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസ് പല മേഖലയിലും മൃദുഹിന്ദുത്വ നിലപാടെടുക്കുന്നു. ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂല രാഷ്ട്രീയ സാഹചര്യ രൂപപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വഖഫ് ബില്ലില്‍ പാര്‍ട്ടി ആദ്യം തന്നെ കൃത്യമായി നിലപാട് എടുത്തിട്ടുണ്ട്. പാര്‍ട്ടി എംപിമാര്‍ ബില്ലിനെ എതിര്‍ത്ത വോട്ട് ചെയ്യുമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഏതെങ്കിലും സംഘടനയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി മാറ്റാന്‍ പറ്റുന്നതല്ല പാര്‍ട്ടിയുടെ നിലപാട്. കഴിഞ്ഞ സമ്മേളനത്തില്‍ നടപ്പാക്കിയ നയത്തില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. പ്രായപരിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ഇളവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
നിലവിലുള്ള പോളിറ്റ് അംഗങ്ങളില്‍ നിന്നും പുതിയ ജനറല്‍ സെക്രട്ടറി ഉയര്‍ന്നു വരും. കേരളത്തില്‍ നിന്നുള്ള നേതാവ് ജനറല്‍ സെക്രട്ടറി ആകുന്ന സാധ്യത തള്ളാനില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പോളിറ്റ് ബ്യുറോയിലേക്ക് പുതിയ അംഗങ്ങള്‍ ഉയര്‍ന്നു വരുമെന്ന് അദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറില്‍ ഇന്ന് പതാക ഉയരുന്നത്. രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും.
800ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഈ മാസം ആറിന് നടക്കുന്ന പൊതു സമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകും.