വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ടെന്ന് എം വി ഗോവിന്ദന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നത് പരിഹാസ്യമായ നിലപാട് ആണെന്നും പദ്ധതി മുന്നോട്ടുപോയത് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി. സി പി എം വിഴിഞ്ഞത് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി അവസാനിച്ചാല്‍ കേരളത്തിന്റെ വലിയ സാദ്ധ്യതയാണ് നഷ്ടമാകുകയെന്ന് കരുതി സി പി എമ്മാണ് മുന്നോട്ടു കൊണ്ടുപോയതെന്നും ആ സമയം കോണ്‍ഗ്രസ് ഇത് നടത്താതിരിക്കാനാണ് ശ്രമിച്ചതെന്നും ഗോവിന്ദന് പറഞ്ഞു. അവര്‍ നടത്താന്‍ പാടില്ലെന്ന് തിരുമാനിച്ചതാണ്. എന്നാല്‍ പദ്ധതി നടത്തുമെന്ന സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും അതിശക്തമായ ഇടപെടലിന്റെ ഫലമായാണ് പദ്ധതി നടപ്പിലായത്. ജനങ്ങള്‍ സന്തോഷത്തിലാണെന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ടായി വിഴിഞ്ഞം മാറുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പല്‍ ‘ഷെന്‍ഹുവ 15’നെ നാളെ ഔദ്യോഗികമായി സ്വീകരിക്കും. വൈകിട്ട് 4ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കും. 5000ത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കും.
അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്മാന് കരണ്‍ അദാനി, സി.ഇ.ഒ രാജേഷ്ഝാ, കേന്ദ്രമന്ത്രി വി.മുരളീധരന്, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.ആദ്യ കപ്പല്‍ എത്തിയപ്പോള്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കിട്ടിയത് 30 കോടിയുടെ വരുമാനമാണ്. ഇവിടെ എത്തിച്ച ക്രെയിനുകളുടെ വിലയുടെ 18 ശതമാനം ജി.എസ്.ടി എന്ന നിലയ്ക്കാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇന്നലെ 30 കോടി രൂപ നികുതിയിനത്തില്‍ ട്രഷറിയില്‍ അടച്ചു.