സിവില്‍ കോഡ് സെമിനാറില്‍ ഇടതുമുന്നണി കണ്‍വീനറെ ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍

സിപിഎം ജനറല്‍ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ടെ സെമിനാര്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്. ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഎം സംഘടിപ്പിക്കും. അവിടങ്ങളില്‍ ഇപി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് സെമിനാര്‍ സംഘടിപ്പിച്ചത് മതത്തിന്റെ ഭാഗമായിട്ടല്ല. ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഉദ്ദേശിക്കുന്നത്. ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏകീകൃത സിവില്‍ കോഡ് പുതിയ മുദ്രാവാക്യമാവും. ജനാധിപത്യ സമൂഹത്തെ നിലനിര്‍ത്താനാണ് സിപിഎം പ്രതിരോധം.

ഇന്ത്യയിലെ ജനജീവിതവും ഭാവിയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രശ്‌നത്തില്‍ നിലപാട് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ആര്‍എസ്എസിനും ബിജെപിക്കും ഈ മുദ്രാവാക്യം ധ്രുവീകരണത്തിന് വേണ്ടിയുള്ളതാണ്. കോണ്‍ഗ്രസിന്റെ ഓരോ സംസ്ഥാനത്തെയും ഓരോ നേതാക്കളും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. ഇതില്‍ കക്ഷിരാഷ്ട്രീയവും ബാധകമല്ലെന്ന് എംവി ഗോവിന്ദന്‍ വിശദീകരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *