പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിക്കുമെന്ന് ജയറാം രമേശ്

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിക്കുമെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ കക്ഷികളുടെ പാട്‌ന മീറ്റിംഗിന് ശേഷം എന്‍ഡിഎക്ക് പുതുജീവന്‍ നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. ബെംഗളൂരുവില്‍ വിശാലപ്രതിപക്ഷ യോഗത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്ക് നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിജെപി, പ്രേതാവസ്ഥയിലായിരുന്ന എന്‍ഡിഎയ്ക്ക് ഇപ്പോള്‍ പുതുജീവന്‍ നല്‍കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടെന്ന് എന്‍ഡിഎ ഓര്‍മ്മിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ‘എന്‍ഡിഎക്ക് പുതുജീവന്‍ നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്‍ഡിഎക്കുറിച്ച് കുറച്ച് കാലമായി ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പെട്ടെന്നാണ് എന്‍ഡിഎയെക്കുറിച്ച് കാണാനും കേള്‍ക്കാനും തുടങ്ങിയത്. വളരെ പെട്ടെന്ന് നാളെ എന്‍ഡിഎയുടെ മീറ്റിംഗ് ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അങ്ങനെ പ്രേതാവസ്ഥയിലായിരുന്ന എന്‍ഡിഎക്ക് പുതുജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു’ എന്ന രൂക്ഷവിമര്‍ശനമാണ് ജയറാം രമേശ് ഉന്നയിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ പട്‌ന മീറ്റിംഗിന്റെ പ്രതിഫലനമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

ജനങ്ങളെ വ്യാജ വാഗ്ദാനങ്ങള്‍ക്കൊണ്ട് വഞ്ചിച്ച മോദിസര്‍ക്കാരിനെ സമയം വരുമ്പോള്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ജയറാം രമേശിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 26 പ്രതിപക്ഷ പാര്‍ട്ടികൾ ഇവിടെ വന്നിരിക്കുന്നത് ഐക്യത്തോടെ മുന്നോട്ടുപോകാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ്. സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളിലുള്ള ആശങ്കയും പ്രതിപക്ഷ സഖ്യം അഭിസംബോധന ചെയ്യുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും പ്രതിപക്ഷ ഐക്യസമ്മേളനം രൂപം നല്‍കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *