എന്‍സിപി എല്‍ഡിഎഫ് വിടാന്‍ ഒരുങ്ങുന്നു, മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പിസി ചാക്കോ

തിരുവനന്തപുരം: എല്‍ഡിഎഫിനോടൊപ്പം മുന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന എന്‍സിപി മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഭിന്നത പരസ്യമാക്കി എല്‍ഡിഎഫ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഉടന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് കത്തുനല്‍കുമെന്നാണ് വിവരം. എല്‍.ഡി.എഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കാറാനാണ് പിസി ചാക്കോയുടെ നേതൃത്വത്തിലുള്ള നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് പിസി ചാക്കോ ഉയര്‍ത്തിയത്. താന്‍ മന്ത്രിയെ മാറ്റണമെന്ന ആവശ്യം നേരിട്ട് മുഖ്യനെ അറിയിച്ചതാണെന്നും ദേശീയ നേതാവ് ശരത്പവാറിന്റെ തീരുമാനമാണെന്ന് അറിയിച്ചെങ്കിലും പുല്ല് വിലയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും പിസി ചാക്കോ യോഗത്തില്‍ തുറന്നടിച്ചു. തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ അറിയിക്കാന്‍ മടിയില്ലന്നും താന്‍ വാ തുറന്നാല്‍ നാറുന്നത് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതൃത്വവുമാണെന്നും പിസി ചാക്കോ പറഞ്ഞു.
മന്ത്രി സ്ഥാനത്ത് നിന്ന് എകെ ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎല്‍എ തേമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ശശീന്ത്രന്‍ മന്ത്രിയായി തുടരട്ടേ എന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. എന്‍സിപി ദേശീയ നേതാവ് ശരത്പവാറിനെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ കണ്ടപ്പോഴും ശരത് പവര്‍ മന്ത്രിസ്ഥാനത്തെകുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പരിഗണിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും കേരളത്തിലെത്തിയ ശേഷം വാക്കുമാറ്റുകയായിരുന്നുവെന്നും എന്‍സിപി പറഞ്ഞു. ഇതുമയി ബന്ധപ്പെട്ട് നിരവധി തവണ പിസി ചാക്കോ മുഖ്യമന്ത്രിയെ കണ്ടെങ്കിലും തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനോട് മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചതായും വിവരമുണ്ട്.ഇതിനെ തുടര്‍ന്നാണ് എന്‍സിപി യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എന്‍ഡിഎഫ് നേതൃത്വത്തിനെതിരെയും പിസി ചാക്കോ രംഗത്തുവന്നത്.യോഗത്തില്‍ അപമാനം സഹിച്ച് എല്‍ഡിഎഫില്‍ നില്‍ക്കേണ്ടതില്ലെന്നും യുഡിഎഫിലേക്ക് ചേക്കേറണെന്നും അഭിപ്രായം ഉയര്‍ന്നതായാണ് വിവരം.