നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മരിച്ചവരുടെ വീടുകളിലെത്തി പോലീസ് മൊഴിയെടുക്കും

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം മരിച്ചവരുടെ വീടുകളിലെത്തി മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക പോലീസ് സംഘം ഇന്ന് (ഒക്ടോബർ 21) വയനാട്ടിലുള്ള ദേവികയുടെ വീട്ടിലെത്തും. തുടർന്നുള്ള ദിവസങ്ങളിൽ സുള്ള്യയിലും പാലക്കാട്ടുമുള്ള മറ്റുള്ളവരുടെ വീടുകളിലുമെത്തി മൊഴി രേഖപ്പെടുത്തും. അതിനിടെ, അപകടത്തിന് മുൻപ് പ്രതി സുഹൈൽ അമിതവേഗതയിൽ മിനി കൂപ്പർ ഓടിക്കുന്നത് ഉൾപ്പെടെയുള്ള കൂടുതൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രക്തപരിശോധനയിൽ സുഹൈൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, ഒപ്പമുണ്ടായിരുന്ന സഹയാത്രികർ സുഹൈലിനെ തടയാൻ ശ്രമിച്ചില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

അപകടസമയത്തെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനിരിക്കെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന നിരീക്ഷണത്തിൽ, പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന വാദം തള്ളിയാണ് കോടതി നടപടി.

അപകടം നടന്ന വിമാനത്താവള റോഡിൽ പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടത്തിയിരുന്നു. റോഡിന്റെ നിർമ്മാണത്തിലോ ഡിസൈനിലോ ഉള്ള തരാറുകൾ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ്, സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കാളികളായി. റോഡിൽ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പറുകൾ വ്യക്തമായി പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പോലീസ് സിയാലിനോട് നിർദ്ദേശിച്ചിട്ടുണ്ട്.