കണ്ണൂര്‍: എം വി ജയരാജന് പകരം പുതിയ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. ഇതും ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂപീകരിക്കും.
ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം വി ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷും എം പ്രകാശന് മാസ്റ്ററുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നത്. നേരത്തെ ജില്ലാ സമ്മേളനത്തില്‍ എം വി ജയരാജന് സെക്രട്ടറി പദം ഒഴിയുമെന്നും കെ കെ രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കെ കെ രാഗേഷ് സെക്രട്ടറിയായി വരുന്നതിനെതിരെ മുറുമുറുപ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം വേണ്ടെന്ന് വെച്ചതെന്നും സൂചനകളുണ്ടായിരുന്നു. എം വി ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് വരുമെന്നും കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയായി വരുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാന സമ്മേളനം എം പ്രകാശന് മാസ്റ്ററെ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിച്ചതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം പ്രകാശന്റെ പേര് കൂടി ചര്‍ച്ചയിലേയ്ക്ക് വന്നത്. നേരത്തെ ടി വി രാജേഷിന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എം വി ജയരാജന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ടി വി രാജേഷിന് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി വി രാജേഷ് നേതൃത്വത്തിന് പഴയത് പോലെ സ്വീകാര്യനല്ല. വിഭാഗീയത രൂക്ഷമായ പയ്യന്നൂരില്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല നല്കിയ ഘട്ടത്തില്‍ ടി വി രാജേഷ് വിഷയത്തില്‍ കൃത്യമായി ഇടപെട്ടില്ല എന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. ഇതാണ് ടി വി രാജേഷിന് വിനയായത്.
അനധികൃത സ്വത്ത് സമ്പാദന കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് കെ എം എബ്രഹാം