വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നെയ്യാറ്റിന്‍കര കൗണ്‍സിലറെ സിപിഎം സസ്പെന്റ് ചെയ്തു

വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെന്റ് ചെയ്തു. സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. വൃദ്ധയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും സുജിനും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. വൃദ്ധയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.
ബേബി എന്ന 78 കാരി തനിച്ച് താമസിക്കുന്നു എന്ന് മനസ്സിലാക്കിയ സുജിന്‍ 2021 ഫെബ്രുവരിയില്‍ ഭാര്യയും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങി. അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ച് തുടങ്ങി. പിന്നീടതില്‍ പലതും പണയം വെച്ചു. കുറച്ചെടുത്ത് വിറ്റു. ബേബിയെ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിന്‍ എഴുതിമാറ്റിയെന്നും പരാതിയുണ്ട്.