നിമിഷപ്രിയയുടെ മോചനം; കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും. വധശിക്ഷ ഒഴിവാക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. വധശിക്ഷ നടപ്പായാൽ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു.

കൊലക്കേസിൽ യമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ. ബുധനാഴ്‌ചയാണ് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ച തീയതി. ഇത് മരവിപ്പിക്കുന്നതിനും നിമിഷപ്രിയയുടെ മോചനത്തിനുമായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.2017 ജൂലായിൽ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.

ഇന്ത്യൻ എംബസി അയൽരാജ്യമായ ജിബൂട്ടിയിലാണ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി.

കൂടുതൽ പണം കണ്ടെത്താൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.നിമിഷ ഭാര്യയാണെന്ന് തലാൽ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും നടത്തി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. പരാതി നൽകിയ നിമിഷപ്രിയയെ ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷപ്രിയയുടെ മൊഴി.