സംസ്ഥാനത്ത് വീണ്ടും നിപ?

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം. മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്കാണ് രോഗബാധ സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക നിപ പരിശോധനാഫലം പോസിറ്റീവാണ്. രോഗം സ്ഥിരീകരിക്കാനായി സാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചു.
ജൂൺ ഇരുപത്തിയെട്ടിന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ, ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം ഒന്നിനാണ് പെൺകുട്ടി മരിച്ചത്.പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും, ചികിത്സിച്ച ഡോക്‌ടർമാരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. നേരത്തെ പെൺകുട്ടിക്ക് പനിയുണ്ടായിരുന്നു.
സംശയം തോന്നി മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നിപ പരിശോധന നടത്തുകയായിരുന്നു. ഈ ഫലമാണ് പോസിറ്റീവായത്.അതേസമയം, പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38കാരി നിപ രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ കണ്ടെത്തി.
രോഗ സ്ഥിരീകരണത്തിനായി യുവതിയിൽ നിന്നെടുത്ത സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. ജൂലായ് ഒന്നിന് പനിയെയും ശ്വാസതടസത്തെയും തുടർന്ന് ചികിത്സ തേടുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ യുവതിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിലുൾപ്പെട്ട ആളുകളെയും നിരീക്ഷിക്കും.