ചരിത്രമെഴുതാൻ നിര്‍മല സീതാരാമൻ, രാജ്യം ആകാംക്ഷയിൽ, കേരളത്തിനും പ്രതീക്ഷ; കേന്ദ്ര ബജറ്റ് ഇന്ന്

ബജറ്റിൽ പൊതു കടം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് സാധ്യത. പൊതുകടം കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകുമെന്ന‌ാണ് സൂചന. അടുത്ത ആറു വർഷത്തിൽ പൊതുകടത്തിന്‍റെ അനുപാതം 50 ശതമാനമായി കുറയ്ക്കും. ഇതിനായി നികുതി പിരിവിലടക്കം പരിഷ്ക്കരണ നിർദ്ദേശങ്ങൾക്ക് സാധ്യതയുണ്ട്.

അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ, വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല.

2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇക്കാരണത്താലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കപ്പെടുന്നത്.