ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്‍ഡ്യ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നതായി നിതിന്‍ ഗഡ്കരി. എന്നാല്‍ ജീവിതത്തില്‍ അങ്ങനെയൊരു ലക്ഷ്യമില്ലാത്തതിനാല്‍ വാഗ്ദാനം നിരസിച്ചുവെന്നും നാഗ്പൂരില്‍ ഗഡ്കരി വെളിപ്പെടുത്തി. ഒരു പദവിക്കും വേണ്ടി തന്റെ ആദര്‍ശങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
‘പ്രധാനമന്ത്രിയാവുക എന്നത് എന്റെ ജീവിത ലക്ഷ്യമല്ല. അതിനാല്‍ എന്തിന് ഞാന്‍ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാന്‍ പ്രതിപക്ഷ സഖ്യത്തിലെ ആ നേതാവിനോട് ചോദിച്ചു. ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. സ്വപ്നം പോലും കാണാത്തതെല്ലാം പാര്‍ട്ടി തന്നു. ഒരു വാഗ്ദാനത്തിലും ഞാന്‍ വീഴില്ല.”-എന്നാണ് മറുപടി നല്‍കിയതെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ ഏത് നേതാവ് വാഗ്ദാനം നല്‍കിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ല.
നാഗ്പൂരില്‍ വിദര്‍ഭ ഗൗരവ് പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച അനില്‍കുമാര്‍ പത്രകരിത പുരസ്‌കാര സമരത്തില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. ”പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നില്ല. ഞാന്‍ ആരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഒരാള്‍ പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു, ”മിസ്റ്റര്‍. ഗഡ്കരി, നിങ്ങള്‍ പ്രധാനമന്ത്രിയാകാന്‍ പോകുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും.
”ഞാന്‍ ചോദിച്ചു, എന്തിനാണ് അവര്‍ എന്നെ പിന്തുണയ്ക്കുന്നത്, ഞാന്‍ എന്തിനാണ് അവരുടെ പിന്തുണ സ്വീകരിക്കുന്നത്?” സംഭവം നടന്നത് എപ്പോഴാണെന്നും പ്രതിപക്ഷ നേതാവ് ആരാണെന്നും വ്യക്തമാക്കാതെ ഗഡ്കരി പറഞ്ഞു.
”ഞാന്‍ എന്റെ ബോധ്യത്തോടും എന്റെ സംഘടനയോടും വിശ്വസ്തനാണ്. ഒരു പോസ്റ്റിനും ഞാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ പോകുന്നില്ല, കാരണം എന്റെ ബോധ്യമാണ് എനിക്ക് ഏറ്റവും പ്രധാനം. ഈ ബോധ്യം നമ്മുടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ജൂഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, മീഡിയ എന്നീ നാല് തൂണുകളും ധാര്‍മ്മികത പിന്തുടരുമ്പോള്‍ മാത്രമേ ജനാധിപത്യം വിജയിക്കൂ. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും നൈതികതയുടെ പ്രാധാന്യം അടിവരയിട്ട് ഗഡ്കരി പറഞ്ഞു,