നിയമസഭയില്‍ കൊണ്ടും കൊടുത്തും ഭരണപ്രതിപക്ഷാംഗങ്ങള്‍ ; ബഹളത്തിനിടയില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു

നികുതി വര്‍ധനക്കെതിരായ സമരത്തില്‍ പോലീസ് നടപടിയെചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തിനൊടുവില്‍ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പോലീസ് നടപടിക്കെതിരെ ഷാഫി പറമ്പില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളി. പിന്നാലെ
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചു.

ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭരണപക്ഷവും സീറ്റില്‍നിന്ന് എഴുന്നേറ്റ് പ്രതിഷേധം തുടര്‍ന്നതോടെ സഭ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.വലിയ രീതിയിലുള്ള ഭരണ-പ്രതിപക്ഷ വാക്പോരിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.

പിണറായി സര്‍ക്കാര്‍ മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി മാറിയെന്ന് ഷാഫി പറഞ്ഞു. മുഖ്യമന്ത്രിക്ക് കറുപ്പിനെ ഭയമാണെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ഷാഫി വിമര്‍ശിച്ചു.

ഇത്തരം സുരക്ഷാസൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തപ്പോഴും വിജയന്‍ നിങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പണ്ടത്തെ വിജയനാണെങ്കില്‍ ഇതിന് മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെഡ് കാറ്റഗറി അനുസരിച്ചുള്ള വിഐപി സുരക്ഷയാണ് തനിക്ക് ലഭിക്കുന്നത്. അത് തന്റെ നിര്‍ദേശപ്രകാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *