പാട്ടുമാത്രമല്ല , പോസ്റ്ററും ഹിറ്റ് ! തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ന്നാ താന്‍ കേസ് കൊട് ചിത്രത്തിന്റെ പരസ്യം വിവാദത്തില്‍

ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പരസ്യ പോസ്റ്റര്‍ വിവാദത്തില്‍. ദേശാഭിമാനി പത്രത്തിന്റെ ഫ്രണ്ട് പേജില്‍ അച്ചടിച്ച് വന്ന പരസ്യത്തില്‍ തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പരസ്യ വാചകം. പരസ്യം വിവാദമായതോടെ ചിത്രത്തിലെ നായകന്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍ തന്നെയെത്തി. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെയോ സര്‍ക്കാരിനെയോ ലക്ഷ്യം വെച്ചുകൊണ്ടല്ല ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കാലാകാലങ്ങളായി മലയാളികള്‍ അനുഭവിക്കുന്ന ഒരു വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടികളോടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സിനിമയില്‍ കുഴിമാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘എത്രയോ വര്‍ഷങ്ങളായി നമ്മള്‍ മലയാളികള്‍ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പോരുന്ന കാര്യങ്ങളാണ്. റോഡ് പണികള്‍ നടക്കേണ്ടത് വേനല്‍ക്കാലത്ത് ആണെങ്കില്‍ നടക്കുന്നത് മഴക്കാലത്ത് ആയിരിക്കും. ഒരു റോഡ് നിര്‍മ്മിച്ച ഉടന്‍ തന്നെ ജല വകുപ്പോ വൈദ്യുതി വകുപ്പോ അവരുടെ ആവശ്യത്തിനായി ആ റോഡ് പൊളിക്കും. ഈ വകുപ്പുകള്‍ തമ്മിലുള്ള സഹകരണമില്ലായ്മ നമ്മുടെ അടിസ്ഥാന സൗകര്യത്തെ ബാധിക്കുന്നുണ്ട്. രാജീവന്‍ എന്ന ഒരു മുന്‍കാല കള്ളന്‍ നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കുഴി എങ്ങനെ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു എന്നത് സാമൂഹികമായ ഘടകങ്ങളോടെ പറയുന്നു. ഇതിനിടെ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് പക്ഷ കോണുകളില്‍ നിന്ന് ആഹ്വാനം വന്നിരുന്നു. സിനിമ കാണണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണെ ന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *