ഇന്ധനക്ഷാമമില്ല; പമ്പുകളില്‍ അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: ഇന്ധനക്ഷാമമില്ലെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ഐഒസിഎല്‍). എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ ലഭ്യമാണെന്നും ഇന്ധന വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ പമ്പുകളില്‍ അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്നും ശാന്തത പാലിക്കണമെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ധനം വാങ്ങാന്‍ പെട്രോള്‍ പമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവന പുറത്തിറക്കിയത്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു പിന്നാലെ ഇന്ത്യയ്ക്കുനേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് രാജ്യം നല്‍കിയത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങി 12 ഇടങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്.

ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. വിദേശ താരങ്ങളുടെ ഉള്‍പ്പടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *