ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; രാഷ്ട്രപതിക്കുണ്ടായ ദുരനുഭവത്തിൽ റിപ്പോർട്ട് തേടി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനുണ്ടായ ദുരനുഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ എത്താതിരുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയത്.
രാഷ്ട്രപതിയെ സ്വീകരിക്കാനോ യാത്രയയക്കാനോ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താതിരുന്നത് എന്തുകൊണ്ട്?, രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിന് കാരണം, യാത്രാമദ്ധ്യേയുള്ള റോഡുകളിൽ മാലിന്യം കുന്നുകൂടിക്കിടന്നത്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.
സിലിഗുരിയിലെ അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്ട്രപതി നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ‘മമത ബാനർജി എന്റെ അനിയത്തിയെപ്പോലെയാണ്. ഞാനും ബംഗാളിന്റെ മകളാണ്. എന്നാൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് എന്നെ കാണാൻ വരാത്തതെന്ന് അത്ഭുതം തോന്നുന്നു. ജനങ്ങൾക്ക് വരാൻ ബുദ്ധിമുട്ടുള്ള ഇടത്തേക്ക് പരിപാടി മാറ്റിയത് ആദിവാസി ക്ഷേമം സർക്കാർ ആഗ്രഹിക്കാത്തത് കൊണ്ടാവാം,’ രാഷ്ട്രപതി പറഞ്ഞു. സംഭവത്തെ ലജ്ജാകരമെന്നും മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത കാര്യമാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
ആദിവാസി സമൂഹത്തിൽ നിന്ന് വരുന്ന രാഷ്ട്രപതിയുടെ വാക്കുകൾ രാജ്യത്തെ വേദനിപ്പിക്കുന്നുവെന്നും തൃണമൂൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, ബിജെപി രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രപതിയുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു.
രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് അംഗീകരിച്ച പട്ടികയിൽ മുഖ്യമന്ത്രിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് താൻ എത്താതിരുന്നതെന്നും മമത വ്യക്തമാക്കി. സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെ പറ്റി നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ പോര് ഇതോടെ പുതിയ തലത്തിലേക്ക് വഴി മാറി. മുഴുവൻ സംവിധാനങ്ങളും ബംഗാളിനെതിരെ അണിനിരന്നാലും തങ്ങൾ ശക്തമായി നേരിടുമെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രതികരിച്ചു.