വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്. മാദ്ധ്യമങ്ങളുടെ മുന്നിൽ വച്ചാണ് നീർബീന രാജിക്കത്ത് നേതൃത്വത്തിന് ഇ-മെയിൽ വഴി അയച്ചത്. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചല്ല രാജിയെന്നും അങ്ങനെയാണെങ്കിൽ എപ്പോഴേ ചെയ്യേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും പാർട്ടിയിൽ നിന്ന് ഒരിക്കലും മാറില്ലെന്നും അവർ പറഞ്ഞു.’ഒരിക്കലും പാർട്ടിവിടില്ല. ഹരിത എന്ന വിവാദം സൃഷ്‌ടിച്ചവരായതിനാലാണ് ഞങ്ങളെ സ്ഥാനാർത്ഥിയാക്കുന്നതിൽ അയോഗ്യരായി കാണുന്നത്. വനിതാ ലീഗിന്റെ താൽപ്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിതാ സ്ഥാനാർത്ഥികളെയും പാർട്ടി നിയോഗിച്ചത്. ഞങ്ങൾക്ക് സീറ്റ് നൽകാത്തതിലല്ല, ഞങ്ങൾക്ക് താൽപ്പര്യമുള്ളവരെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിനാണ് പ്രതിഷേധിച്ചത്.

കൃത്രിമ മതേതരത്വം കാണിക്കാനാണ് ലീഗ് ജയന്തി രാജന് സീറ്റ് നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ആർട്ടിഫിഷ്യൽ മതേതരത്വം ഒന്നിനും ഭൂഷണമല്ല. മതേതരത്വം ഹൃദയത്തിൽ നിന്ന് വരണം. ലീഗ് ജംബോ കമ്മിറ്റി ഉണ്ടാക്കിയിട്ടും ഒരു വനിതാ ലീഗ് നേതാവിനെപ്പോലും ഉൾപ്പെടുത്തിയില്ല. വനിതാ നേതാക്കളുടെ ഹൃദയം തകർത്ത തീരുമാനമായിരുന്നു അത്’- നൂർബീന റഷീദ് പറഞ്ഞു.