കനത്ത പുകമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ ; ആഗ്ര യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു

രണ്ടാം ദിവസവും ഡൽഹിയിലെ ജനങ്ങളെ വലച്ച് കനത്ത പുക മഞ്ഞ്. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ ‍ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ആഗ്ര യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ദില്ലിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം. ബിഎസ് 6 വിഭാഗത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ദില്ലിയിൽ പ്രവേശിക്കാൻ അനുമതിയില്ല. വ്യാഴാഴ്ച മുതൽ ഡൽഹിക്ക് പുറത്തുള്ള ബിഎസ് 6 വാഹനങ്ങൾക്ക് മാത്രമാകും ഡൽഹിയിലേക്ക് പ്രവേശനമെന്ന് പരിസ്ഥിതി മന്ത്രി അറിയിച്ചു.

കനത്ത പുകമഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ജനജീവിതം ദുസഹമാക്കി. ദില്ലി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത പുകമഞ്ഞ് റോഡ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. യുപി മഥുരയിൽ യമുന എക്സ്പ്രസ്സ് വേയിൽ നിരവധി ബസുകളും കാറുകളും കൂട്ടിയിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് തീപിടിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കഴിഞ്ഞ ദിവസം ദില്ലി മുംബൈ എക്സ്പ്രസ് വേയിൽ സമാന രീതിയിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.

കനത്ത മൂടൽമഞ്ഞ് കാരണം ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ താറുമാറായി. ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറോളം വിമാന സർവീസുകളെ പുകമഞ്ഞ് ബാധിച്ചു. കഴിഞ്ഞദിവസം 200ലധികം വിമാനം സർവീസുകളാണ് ദില്ലി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കിയത്. താപനിലയിൽ ഉണ്ടായ കുറവും വായു മലിനീകരണം രൂക്ഷമായി തുടരുന്നതുമാണ് പുകമഞ്ഞിന് കാരണമാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ദില്ലിയിൽ വായു മലിനീകരണം കുറഞ്ഞങ്കിലും വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 376 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ.