ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിക്ക് പിന്തുണയുമായി ഉത്തര കൊറിയ

പ്യോംഗ്യാംഗ്: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിക്ക് പിന്തുണയുമായി ഉത്തര കൊറിയ. യുഎസും ഇസ്രയേലും നിയമവിരുദ്ധമായ സൈനികാക്രമണങ്ങൾ നടത്തിയാണ് മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതെന്നും ഉത്തര കൊറിയ ആരോപിച്ചു.
ഇറാനിയൻ വിദഗ്ദ്ധരുടെ അസംബ്ലി പുതിയ നേതാവിനെ തിരഞ്ഞെടുത്തതിൽ ആ ജനതയുടെ അവകാശത്തെയും തിരഞ്ഞെടുപ്പിനെയും ഞങ്ങൾ മാനിക്കുന്നു. ഇറാനെതിരെ നിയമവിരുദ്ധമായ സൈനിക ആക്രമണം നടത്തുന്നതിലൂടെ പ്രാദേശിക സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ തകർക്കുകയും അന്താരാഷ്ട്ര രംഗത്ത് അസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുകയും ചെയ്യുന്നു.ഇത്തരം നടപടികൾ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രദേശിക സമഗ്രതയെയും ദുർബലപ്പെടുത്തു.
ഇത് അംഗീകരിക്കാനാവില്ല. ലോകം മുഴുവൻ ഇത് അപലപിക്കുകയും തള്ളുകയും വേണം’- എന്നാണ് ഉത്തര കൊറിയയുടെ വിദേശകാര്യ വക്താവ് പറഞ്ഞത്. ഇറാനെതിരായുള്ള യുഎസ്- ഇസ്രയേൽ യുദ്ധത്തെ ഗുണ്ടാസംഘങ്ങളുടെ പ്രവൃത്തിയെന്ന് നേരത്തെ ഉത്തര കൊറിയ വിമർശിച്ചിരുന്നു.യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇറാനെതിരെ ഭീഷണി ആവർത്തിച്ചിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പിന്നാലെ ട്രംപ് സ്വയം സൂക്ഷിച്ചുകൊള്ളാൻ ഇറാനും മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടഞ്ഞാൽ മുൻ ആക്രമണങ്ങളെ അപേക്ഷിച്ച് ഇരുപത് മടങ്ങ് ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി സമാധാനത്തോടെ ജീവിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി.