എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി

എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഐക്യനീക്കം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വിട്ടുവീഴ്ചയ്ക്കില്ലെന്നും, അതിനാല്‍ പുതിയ ഐക്യം പ്രായോഗികമല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

മുന്‍കാലങ്ങളില്‍ പല കാരണങ്ങളാല്‍ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വീണ്ടും ഒരു ഐക്യനീക്കം വിജയിക്കാനിടയില്ലെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞുവെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് പാലിക്കുന്ന സംഘടനയായതിനാല്‍ ഇത്തരത്തിലുള്ള ഐക്യനീക്കങ്ങള്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് എന്‍എസ്എസ്. അതേസമയം, മറ്റ് എല്ലാ സമുദായങ്ങളോടും എന്നപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദപരമായ ബന്ധം തുടരാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഐക്യനീക്കവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നതാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.