ഗൾഫിനെ ആശങ്കകളുടെ മുൾമുനയിൽ, ഒമാനെയും വിടാതെ ഇറാൻ ; ദുഖും തുറമുഖത്ത് ഡ്രോണുകൾ പതിച്ചു

ദുബായ്: ഗൾഫിനെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഒമാനെയും ആക്രമിച്ച് ഇറാൻ. മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം ഉണ്ടായെന്നതാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസ സ്ഥലത്ത് വീണ് ഒരു പ്രവാസിക്ക് പരിക്ക്. മൊബൈൽ താമസ കേന്ദ്രങ്ങളിലും ഒരു ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകൾ പതിച്ചത്.
ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, 5 ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഒമാൻ സമുദര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്. ദുബായിൽ രണ്ട് സ്വദേശി പൗരന്മാരുടെ വീടുകളുടെ വരാന്തകളില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ദോഹയിലെ ഇൻഡസ്ട്രിയിൽ ഏരിയയില്‍ തീപിടിത്തമുണ്ടായി. ബഹ്റൈനില്‍ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇറാൻ ഇതുവരെ ആക്രമിച്ചത്. ജബൽ അലി ഉൾപ്പെടെയുള്ള തുറമുഖങ്ങളിലും ആക്രമണം നടത്തി. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ കൂടുതൽ ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി തുടരും. നിരവധി മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയത്.
ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി
ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.