ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തി : ഉമ്മന്‍ചാണ്ടി 

തിരുവനന്തപുരം : രാജ്യത്താകെ ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തിയാവുകയാണെന്ന് മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി പറഞ്ഞു. കിടപ്പുരോഗികള്‍ക്കുള്ള ധനസഹായംപോലും നിര്‍ത്തലാക്കിയ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി നടപ്പിലാക്കുന്ന സ്‌നേഹസ്‌പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ജഗതി മൈത്രി നഗറില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടപ്പുരോഗികളെ സഹായിക്കുവാന്‍ നടപ്പിലാക്കുന്ന സ്‌നേഹസ്‌പര്‍ശം പദ്ധതി മാതൃകാപരമെന്ന്‌  ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു.

രോഗബാധിതരും വിവിധ സാഹചര്യങ്ങളില്‍ ആലംബരഹിതരുമായി കഴിയുന്ന കിടപ്പുരോഗികളെ സഹായിക്കുന്നതിന്‌ ഗാന്ധിജയന്തി വാരത്തില്‍ ജില്ലയിലാകെ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ സ്‌നേഹസ്‌പര്‍ശം. ജില്ലയില്‍ 2500 ബൂത്ത്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റികള്‍ സ്‌നേഹസ്‌പര്‍ശം പദ്ധതി ഏറ്റെടുക്കും. ഒരു ബൂത്തില്‍ രണ്ട്‌ കിടപ്പുരോഗികള്‍ക്കാണ്‌ സഹായമെത്തിക്കുന്നത്‌. മരുന്നോ അവശ്യവസ്‌തുക്കളോ സഹായമായി എത്തിക്കും. ഒരാഴ്‌ചകൊണ്ട്‌ സ്‌നേഹസ്‌പര്‍ശത്തിലൂടെയുള്ള സഹായവിതരണം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 5000 കുടുംബങ്ങള്‍ക്കാണ്‌ സഹായമെത്തിക്കുന്നത്‌.

മുന്‍മന്ത്രി വി.എസ്‌.ശിവകുമാര്‍, വി.പ്രതാപചന്ദ്രന്‍, മണക്കാട്‌ സുരേഷ്‌, പി.കെ.വേണുഗോപാല്‍, ചെമ്പഴന്തി അനില്‍, ശാസ്‌തമംഗലം മോഹനന്‍, എം.ശ്രീകണ്‌ഠന്‍ നായര്‍, ആര്‍.ഹരികുമാര്‍, ജോണ്‍സണ്‍ ജോസഫ്‌, കൈമനം പ്രഭാകരന്‍, മലയിന്‍കീഴ്‌ വേണുഗോപാല്‍, വിനോദ്‌സെന്‍, അഭിലാഷ്‌ ആര്‍. നായര്‍, തമ്പാനൂര്‍ സതീഷ്‌, സി.ജയചന്ദ്രന്‍, കൊഞ്ചിറവിള വിനോദ്‌, വലിയശാല പരമേശ്വരന്‍ നായര്‍, ഡോ.ആരിഫ തുടങ്ങിയവര്‍ പങ്കെടുത്തു. ഗണേഷ്‌ വഴുതയ്‌ക്കാട്‌ സ്വാഗതവും രാംകുമാര്‍ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *