പാൽപ്പായസവും ഹൃദയരാഗങ്ങളുമായി എ.കെ. ആന്റണിക്ക് ഓണക്കോടി 

തിരുവനന്തപുരം :ദീർഘകാലത്തിനുശേഷം ഓണക്കാലത്ത് തിരുവനന്തപുരത്തുള്ള ദേശീയ നേതാവ് എ .കെ. ആൻറണിക്ക് കെപിസിസിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ആഭിമുഖ്യത്തിൽ  പാൽപ്പായസവും  ഓണക്കോടിയും സമർപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഡോക്ടർ ജോർജ് ഓണക്കൂറിന്റെ ഹൃദയരാഗങ്ങൾ എന്ന പുസ്തകം ചടങ്ങിൽ ഓണക്കൂർ ആന്റണിക്ക് സമ്മാനിച്ചു.

കോവിഡ് പ്രതിസന്ധി കാരണം രണ്ടുവർഷം ഓണമാഘോഷിക്കാതിരുന്ന കേരളത്തിലെ ആളുകൾ പ്രയാസങ്ങളിലും ദുരിതങ്ങളിലും കടം വാങ്ങിയെങ്കിലും ഓണം ഇത്തവണ ഗംഭീരമായി ആഘോഷിക്കുകയാണെന്നും ഓണക്കോടിയും ഹൃദയരാഗങ്ങളും ഏറ്റുവാങ്ങി  എ .കെ .ആൻറണി പറഞ്ഞു .

ഓണക്കാലം ബഹുസ്വരതയുടെ  രാജ്യമായ ഇന്ത്യക്ക് കേരളം നൽകുന്ന മഹത്തായ ഒരുമയുടെ സന്ദേശമാണെന്നും  ആൻറണി കൂട്ടിച്ചേർത്തു. രാഹുൽഗാന്ധിയുടെ കാൽനട ജാഥ ഇന്ത്യാ ചരിത്രത്തിലെ അപൂർവങ്ങളിൽ അത്യപൂർവ്വമായ ഒരു സംഭവമാണെന്നും  യാത്രയെ ഭിന്നിപ്പിക്കലിനെതിരായ ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പായി കാലം അടയാളപ്പെടുത്തുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി എ.കെ.ആൻ്റണി പറഞ്ഞു. ഡി.സി.സി.പ്രസിഡൻ്റ് പാലോടു രവി അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോർജ് ഓണക്കൂർ,സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി. ആർ .പ്രതാപൻ അജിത് വെണ്ണിയൂർ, രാജേഷ് മണ്ണാ മൂല, എ .കെ .ആൻറണിയുടെ സഹധർമ്മിണി എലിസബത്ത് ആൻറണി, മകൻ അജിത് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *