500 രൂപ ടിക്കറ്റ് വിലയുളള ഓണം ബമ്പര്‍ ഷെയറിട്ട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 25 കോടി നല്കുന്ന ഓണം ബംബര്‍ ലോട്ടറി വിപണിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. സമ്മാനത്തുക വലുതാണെങ്കിലും ലോട്ടറി ടിക്കറ്റ് വിലയാണ് ഏവരെയും നിരാശരാക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. സമ്മാനം ലഭിച്ചില്ലെങ്കില്‍ 500 രൂപ നഷ്ടമാകുമെന്നോര്‍ത്ത് പലരും ടിക്കറ്റ് എടുക്കാന്‍ മടിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാനായി സുഹൃത്തുക്കള്‍ തമ്മില്‍ ഷെയറിട്ട് ടിക്കറ്റ് എടുക്കുന്ന പ്രവണത ധാരാളമായി കണ്ട് തുടങ്ങിക്കഴിഞ്ഞു. സര്‍ക്കര്‍ പ്രൈവറ്റ് ഓഫീസുകളില്‍ നിരവധി പേര് ഷെയറിട്ട് ടിക്കറ്റ് എടുത്ത് കഴിഞ്ഞു. ജൂവലറി ജീവനക്കാരായ സുഹൃത്തുക്കള്‍ ഷെയറിട്ടെടുത്ത് ടിക്കറ്റിന് ഒരുതവണ ബമ്പറിടിച്ചതും പ്രചോദനമായിട്ടുണ്ട്.
ഓണം ബംബര്‍ ഷെയറിട്ട് എടുക്കുന്നവര്‍ അറിയാന്‍
ലോട്ടറി ടിക്കറ്റുകള്‍ ഷെയറിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും നിലവില്‍ ഇല്ല. എന്നാല്‍ സമ്മാനം ലഭിച്ചാല്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നല്കുകയില്ല. ടിക്കറ്റ് നല്കുന്ന ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാവും തുകയെത്തുക. അതിനാല്‍ സമ്മാനം ലഭിക്കുകയാണെങ്കില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അവരിലൊരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ ചെയ്യാന്‍ വിശ്വാസമില്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിന് നല്‍കണം.