അന്നമാണ് മറക്കരുത് !
ഓണാഘോഷം അനുവദിച്ചില്ല;
സദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ജോലി സമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. തയാറാക്കിയ ചോറും കറികളും എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തില്‍ എറിഞ്ഞ് പ്രതിഷേധിച്ചത്.
കഴിക്കാനായി തയാറാക്കിയ ഓണസദ്യ ചോറും കറികളും ഇലയുമടക്കം മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലെറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫീസുകളില്‍ ശനിയാഴ്ചയാണ് ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ആഘോഷം സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് ആഹാരം ഉപേക്ഷിച്ചുളള സമരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.