ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണ നാളിൽ സുവർണ്ണ ദർശനവും ഓണസദ്യയും…
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ഭഗവാന്റെ തിരുനാളായ തിരുവോണം നാളിൽ വെളുപ്പിന് 05.00 മണിക്ക് ഗണപതിഹോമത്തോട് കൂടി തിരുവോണത്തോടനുബന്ധിച്ചുള്ള പൂജകൾ ആരംഭിക്കുന്നതാണ്. വെളുപ്പിന് 05.00 മണിയ്ക്ക് ഓണവില്ല് സമർപ്പണം നടക്കുന്നതാണ്. രാവിലെ 06.00 മണിയ്ക്ക് ക്ഷേത്രതന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ തിരുവോണ നാളിൽ നടത്തി വരാറുളള ചക്രാബ്ജ പൂജ നടത്തുന്നതാണ്. കൂടാതെ തിരുവോണനാളിൽ സർവ്വാഭരണവിഭൂഷിതനായ പത്മനാഭസ്വാമിയെ എല്ലാ ഭക്തജനങ്ങൾക്കും സുവർണ്ണദർശനം രാവിലെ 8.30 മുതൽ 12:00 മണി വരെയും, വൈകിട്ട് 05:00 മണി മുതൽ 06.15 വരെയും, 06:50 മുതൽ 07.20 വരെയും നടത്താവുന്നതാണ്.
തുടർന്ന് രാവിലെ 09.30 മണി മുതൽ 11.00 മണി വരെ പ്രശസ്ത സംഗീതഞ്ജൻ കാവാലം ശ്രീകുമാർ അവതരിപ്പിക്കുന്ന സംഗീതകച്ചേരി ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെ എല്ലാ ഭക്തജനങ്ങൾക്കും വിഭവസമൃദ്ധമായ തിരുവോണസദ്യ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് തുലാഭാരമണ്ഡപത്തിൽ വൈകുന്നേരം 05:00 മണി മുതൽ 07:30 വരെ വിവിധ നൃത്തപരിപാടികളും, സംഗീതാർച്ചനയും ഉണ്ടായിരിക്കുന്നതാണ്.
ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നയനാനന്ദകരമായ വലിയ അത്തക്കളവും, ശ്രീബലി പുരകളിലും, മറ്റും പുഷ്പങ്ങൾ കൊണ്ട് അലങ്കാരവും, എല്ലാ നടകളിലും വാഴക്കുലകളും, കരിക്കിൻ കുലകളും കൊണ്ട് അലങ്കാരവും ഉണ്ടായിരിക്കുന്നതാണ്. രാത്രി 8.00 മണിയ്ക്ക് ചുറ്റുവിളക്കുകളും, ശ്രീബലിപുരകളിലെ വിളക്കുകളും, കമ്പവിളക്കുകളും, വൈദ്യുത ദീപാലങ്കാരങ്ങളും കത്തിച്ച് അനന്ത വാഹനത്തിൽ മംഗളവാദ്യങ്ങളോടു കൂടി ഭഗവാന്റെ പൊന്നും ശ്രീബലി എഴുന്നെള്ളിപ്പും ഉണ്ടായിരിക്കുന്നതാണ്.