മണിപ്പൂര്‍ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നയാക്കി നടത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ പ്രചരിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന പ്രതികളിലൊരാളെ പിടികൂടിയിരിക്കുന്നത്. തൗബാല്‍ സ്വദേശിയായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. ദൃശ്യങ്ങളില്‍ ഇയാളെ വ്യക്തമായി കാണാമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോ പിന്‍വലിക്കാന്‍ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.ഈ ദൃശ്യങ്ങള്‍ തന്റെ ഹൃദയത്തെ വേദനിപ്പിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ മണിപ്പൂരിലെ പെണ്മക്കള്ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണ്. കുറ്റവാളികള്‍ രക്ഷപ്പെടില്ല. പ്രധാനമന്ത്രി പറഞ്ഞു.