പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഡോ. ഹാരിസ് ഹസന്‍

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഡോ. ഹാരിസ് ഹസന്‍. തന്റെ പ്രതികരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ല. പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്നും ഡോ.ഹാരിസ് ഹസന്‍പറഞ്ഞു. പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ എന്റെ മനസ്സ് വേദനിക്കുെന്നും ലക്ഷ്യം ശരിയായിരുന്നതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ എന്റെ മനസ് വേദനിക്കും. ആ മനോവേദനയില്‍ നിന്ന് വന്ന പ്രതികരണമാണ് അത്. ലക്ഷ്യം ശരിയായിരുന്നു. പക്ഷേ, മാര്‍ഗം അത്ര ശരിയായിട്ടില്ല എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. എന്നാല്‍ ലക്ഷ്യം ഫലപ്രാപ്തിയിലെത്തി. ശസ്ത്രക്രിയ മുടങ്ങുന്നത് കൊണ്ട് രോഗിക്ക് അപായം സംഭവിക്കുന്നത് ആണല്ലോ പ്രശ്നം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കൂടുതല്‍ വേദനാജനകമായേനേ. പ്രതികരിക്കേണ്ടി വന്നതിന്റെ സാഹചര്യമാണ് മനസിലാക്കേണ്ടത് – അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ലെന്നും പക്ഷേ നല്ല അര്‍പ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാര്‍ഥതയോടെ ജോലി എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്ര പറഞ്ഞിരുന്നു. പക്ഷേ, അത്തരം ഒരാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നില്‍ അനുഭവ പാഠമായിരിക്കണം. എല്ലാ കാര്യവും പൂര്‍ണമായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകള്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങള്‍ ചിലപ്പോള്‍ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാല്‍തന്നെ, അത് കേരളത്തെ വലിയ തോതില്‍ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം പുറത്തുവിട്ടാല്‍ അത് നാം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത് – മുഖ്യമന്ത്രി പറഞ്ഞു.