മന്ത്രി വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് ഉമ്മന്‍ചാണ്ടി

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നായകടിയേറ്റവരുടെ ആശങ്ക അറിയിച്ചതിനു പിന്നാലെ ഉടന്‍ നടപടി ഉണ്ടായത് ചൂണ്ടിക്കാട്ടിയായുരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചത്.കോട്ടയം പാമ്പാടിയില്‍ ഉള്ളൂരിനു സമീപം ഏഴുപേരെ നായ കടിക്കുകയും തുടര്‍ന്ന് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അവിടെത്തിയ ഉമ്മന്‍ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് മന്ത്രി വീണാ ജോര്‍ജിനെ വിളിച്ച് കാര്യമറിയിച്ചു. ഇതേ തുടര്‍ന്ന് മന്ത്രി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ അറിയിച്ച പ്രശ്‌നത്തില്‍ അതിവേഗത്തില്‍ നടപടിയെടുത്ത വീണാജോര്‍ജിനെ അദ്ദേഹം പ്രശംസിച്ചു.