വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെ വിസ്മരിച്ചു; എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല; ശശി തരൂര്‍

തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജ തോന്നിയെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന തനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല’, എന്നായിരുന്നു ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി എന്‍ വാസവന്‍, ഗൗതം അദാനി, കരണ്‍ അദാനി, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങി നിരവധിപ്പേര്‍ വേദിയില്‍ ചടങ്ങിന് സാക്ഷികളായെങ്കിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *